നാട്ടു ചരിതം

നാട്ടു ചരിതം
ഞാന്‍ ഇന്ത്യകാരനാണ്, എല്ലാ ഇന്ത്യക്കാരും സോറി ബാപ്പയും ഉമ്മയും ഞാന്‍ കെട്ടുന്ന പെണ്ണുമൊഴികെയുള്ള എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. അതോടപ്പം ഞാന്‍ കേരളീയനാണ് ഞരുമ്പുകളില്‍ ചോര തിളയിക്കുന്ന കേരളീയന്‍. പക്ഷെ എല്ലാത്തിലുമുപരി ഞാന്‍ കസ്രോട്ടാരനാണ്. കസറഗോഡിലെ കുമ്പടാജ പഞ്ചായത്തിലെ തുപ്പക്കല്‍ എന്ന ഗ്രാമത്തിലാണ് എന്‍റെ ജനനവും വളര്‍ച്ചയും.
തുപ്പക്കല്‍ എന്ന്‍ പറഞ്ഞാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ മുഴുവന്‍ സ്ഥലവും നടന്ന് കാണാം അത്രയേയുള്ളൂ എന്‍റെ നാട്. ചെറൂണി, കോപ്പാളമൂല, കുദിങ്കില എന്നീ അതിരുകള്‍. തെങ്ങ്,കവുങ്ങ്,നെല്ല്,കശുമാങ്ങ ഇവയാണ് പ്രധാന വിളകള്‍. ഇടക്കിടക്ക് റബറും കാണാം. പ്രവാസികളും കര്‍ഷകരുമാണ് അധികവും ചുരുക്കം ചില ബിസ്സിനസ്സുകാരുമുണ്ട്. 95% മുസ്ലീംകളാണ്. രണ്ടോ മൂന്നോ വീടുകള്‍ മാത്രമാണ് ഹിന്ദുക്കളെതായിട്ടുള്ളത്. ക്രിസ്ത്യാനികളൊന്നുമില്ല എന്നതാണ് സത്യം.
രാഷ്ട്രീയം: തുപ്പകല്ലിന് ഒരു രാഷ്ട്രീയമേ അറിയുകയുള്ളൂ മുസ്ലീം ലീഗ്. മുസ്ലീം ലീഗല്ലാത്തവന്‍ രാഷ്ട്രീയമറിയാത്തവനോ രാഷ്ട്രീയമില്ലാത്തവനോ ആണ്. ഹരിതാഭ നിറഞ്ഞ തുപ്പക്കല്ലില്‍ ഇത് വരെ ഹരിത പതാക മാത്രമേ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ പാറി കളിച്ചിട്ടുള്ളൂ. മുസ്ലീം ലീഗ് മണ്ഡലം പഞ്ചായത്ത് നേതാക്കളൊക്കെയുള്ള നാടാണ് ഞങ്ങളുടേത്.
സാമുദായിക സംഘടനകള്‍ക്ക് പഞ്ഞമില്ലാത്ത ഇടമാണ് തുപ്പക്കള്‍. സുന്നി സമൂഹമാണ് തുപ്പക്കല്ലില്‍ താമസിക്കുന്നത്. കാന്തപുരം ഉസ്താദ് നേതൃത്ത്വം നല്‍കുന്ന AP സമസ്ത്തയും കോട്ടുമല ഉസ്ത്താദ് നേതൃത്ത്വം നല്‍കുന്ന ചേളാരി സമസ്തയും തുപ്പക്കല്ലില്‍ സജീവമാണ്. രണ്ട് സമസ്തയുടെയും ഉന്നത നേതാക്കളും തുപ്പക്കല്ലില്‍ വസിക്കുന്നു.
തുപ്പക്കല്ലിലെ പ്രകൃതി രമണീയ കാഴ്ച്ചകള്‍
പരപ്പതോട്: നീളം കുറഞ്ഞ ചെറിയൊരു പുഴ എന്ന്‍ വിശേഷിപ്പിക്കാം. തുപ്പക്കല്ലിന്‍റെ അങ്ങേയറ്റത്ത് സ്ഥിതി ചെയ്യുന്ന തോട്. മഴക്കാലത്ത് നല്ല കുത്തിയൊഴുക്കുണ്ടാവുറുണ്ട്. പരപ്പ തോടിന്‍റെ ശബ്ദ കൂമരങ്ങള്‍ ശ്രവാണ പദങ്ങള്‍ക്ക് മാധുര്യം നല്കാറുണ്ട്.
ആനപ്പാറ: പാറകള്‍ തിങ്ങി നിരങ്ങുന്ന നാടാണ് തുപ്പക്കല്‍. പാറകളില്‍ നീളത്തില്‍ ഏറ്റവും വലുതാണ് ആനപ്പാറ. ആനയുടെ രൂപമുള്ള ഈ പാറ വിനോദ സഞ്ചാരികളെയും ഭൂമി ശാസ്ത്ര ഗവേഷകരേയും ഒരു പോലെ അത്ഭുതപെടുത്തിയിട്ടുണ്ട്.
ചുറ്റും കാണുന്ന വലിയ വലിയ കുന്നുകളും, മനോഹരമായ തോട്ടങ്ങളും അതിലുള്ള അരുവികളും നീണ്ടു നിരന്നു കിടക്കുന്ന വയലുകളും സ്വപ്നഭൂമിയെ ഓര്‍മ്മപ്പിക്കുന്നു.
തുപ്പക്കല്ലിലെ സ്ഥാപനങ്ങള്‍
തുപ്പക്കല്‍ ഖിളര്‍ മസ്ജിദ്: തുപ്പക്കല്‍ നിവാസികളുടെ ആസ്ഥാനം എന്ന്‍ വിശേഷിപ്പിക്കാം. ഇസ്ലാം മതവിശ്വാസികളുടെ ആരാധനാലയം. 1990കളില്‍ പണിത പള്ളി 2016ല്‍ പുതുക്കി പണിതു.
തുപ്പക്കല്‍ സുന്നീ മദ്രസ്സ: തുപ്പക്കല്ലില്‍ രണ്ട് മദ്രസകളുണ്ട്. എ.പി സമസ്തയുടെയും ചേളാരി സമസ്തയുടെടെയും. അതില്‍ എ.പി സമസ്തയുടെ മദ്രസയാണ് സുന്നി മദ്രസ. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയിത മദ്രസ. കുമ്പടാജ പഞ്ചായത്തിലെ സുന്നീ സംഘടന പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം കൂടിയാണിത്. ഒന്ന്‍ മുതല്‍ ഏഴാം ക്ലാസ് വരെ സുന്നി വിദ്യാഭാസ ബോര്‍ഡിന്‍റെ കീഴില്‍ പഠിപ്പിക്കുന്നുണ്ട്. അമ്പതോളം കുട്ടികളും രണ്ട് ഉസ്താദുമാരുമാണുള്ളത്.
തുപ്പക്കല്‍ ഹയാത്തുല്‍ ഇസ്ലാം മദ്രസ: ചേളാരി സമസ്തയുടെ മദ്രസ. ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ ഏഴാം ക്ലാസ് വരെ പടിപ്പിക്കുന്നുണ്ട്. ഒരു ഉസ്താദും അമ്പതോളം കുട്ടികളുമാണുള്ളത്.
തുപ്പക്കല്‍ അംഗനവാടി: സര്‍ക്കാരിന് തുപ്പക്കല്‍ എന്ന സ്ഥലം അറിയാമെന്നതിന് ഒരേയൊരു തെളിവാണ് തുപ്പക്കല്‍ അംഗനവാടി. എല്ലാ നാട്ടിലും സര്‍ക്കാരിന്‍റെ പ്രതീകമായ മഞ്ഞ കളര്‍ ഒരുപാട് കാണാന്‍ സാധിക്കും. പക്ഷെ തുപ്പകല്ലില്‍ അത് അംഗനവാടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഒരു ടീച്ചറും കുറച്ച് കുട്ടികളുമാണവിടെയുള്ളത്.
വിദ്യാഭ്യാസം
തുപ്പക്കല്ലിലെ വിദ്യാഭ്യാസം വളരെ വിത്യസ്തതയാര്‍ന്നതാണ്. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും പഠനം തുടങ്ങുന്നത് അംഗനവാടിയിലാണ്. അഞ്ചാം ക്ലാസ് വരെ ബെളിഞ്ചയില്‍ പഠിക്കാന്‍ സാധിക്കും പിന്നീടുള്ള പഠനം മുഴുവന്‍ അര മണിക്കൂര്‍ ദൂരമുള്ള ബദിയഡുക്കയിലാണ്. പത്താം ക്ലാസ് വരെ GHSSലോ NHSSലോ പടിക്കുന്നവരാണ് കൂടുതലും. പത്താം ക്ലാസ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളിലധികവും മതപഠനം നടത്താന്‍ വേണ്ടി ദര്‍സുകളിലേക്കൊ ഇസ്ലാമിക സ്ഥാപനങ്ങളിലേക്കൊ നീങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ പത്താം ക്ലാസ് കഴിഞ്ഞാലുടന്‍ അഫ്ളലുല്‍ ഉലമയിലേക്കാണ് നീങ്ങുന്നത്. വിദ്യഭ്യാസ പരമായ പുരോഗതി വളരെ മന്ദ ഗതിയിലാണ് തുപ്പക്കല്ലില്‍ നീങ്ങി കൊണ്ടിരിക്കുന്നത്.
Comments
Post a Comment