എൻ്റെ കഥ

ഞാന്‍ നിഷാനി, നിഷാനി ജനിച്ച് വെറും രണ്ട് വര്‍ഷമേ ആകുന്നുള്ളൂ, പക്ഷെ ഞാന്‍ ജനിച്ച് ഇരുപതോളം വര്‍ഷമായി. അപ്പോള്‍ ഞാനാരാണന്നല്ലെ നിങ്ങള്‍ ചോദിക്കുന്നത്. നിഷാനി തന്നെ, അതെന്ത് കഥ. അതാണെന്‍റെ കഥ ഞാന്‍ നിഷാനിയായ കഥ...


     1997 ജൂണ്‍ 22 ഞായാറാഴ്ച്ച. എല്ലാവരും അവധി ആഘോഷിക്കുമ്പോള്‍ കാസറഗോഡ് കാരെവ്വെല്‍ ആശുപത്രിയിലെ മാലാഖമാര്‍ കഠിന ജോലിയെടുക്കുകയായിരുന്നു. വേറെ ഒന്നുമല്ല. എന്നെ ഉമ്മയുടെ വയറ്റില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടു വരുക എന്നതായിരുന്നു അവര്‍ക്കുള്ള ക്വട്ടേഷന്‍. ഒന്നൊന്നര ക്വട്ടെഷനായി പോയി അല്ലെ.
    അങ്ങനെ ഞാന്‍ കരഞ്ഞു കൊണ്ടു വന്നു അതു കണ്ട് ബാക്കിയുള്ളവരെല്ലാം ചിരിച്ചു. അങ്ങനെ ഭൂമിക്കൊരു ഭാരമായി ആനപ്പാറ അബ്ദുറഹ്മാന്‍റെ മകന്‍ ആനപ്പാറ മോയ്തുവിന്‍റെയും ബോംബെ അബ്ദുള്ളയുടെ മകള്‍ സി.കെ ആമിനയുടെയും സീമന്ത പുത്രനായി ഞാന്‍ പിറന്നു വീണു.
    കാസറഗോഡില്‍ പ്രവാസികള്‍ ജനിക്കുന്ന കാലം. കണ്ടവരും കേട്ടവരുമെല്ലാം ഗള്‍ഫിലേക്ക് കപ്പല്‍ കയറുന്ന കാലം നമ്മുടെ പള്ളിക്കല്‍ നാരയണനൊക്കെ ഗള്‍ഫിലേക്ക് പോയ കാലം എന്‍റെ ഉമ്മയുടെ ഉപ്പ ബോംബെ അബ്ദുള്ള ഗള്‍ഫിലേക്ക് പോയി. ഖത്തറിലെക്കാണ് പോയത് പക്ഷെ മൂപ്പര് കുറച്ച് കാലം ബോംബെയിലായിരുന്നു. അങ്ങനെ സി.കെ അബ്ദുള്ള ബോംബെ അബ്ദുള്ളയായി. അങ്ങനെ ഉപ്പാപ്പ ഗള്‍ഫിലൊക്കെ പോയി നല്ല നിലയിലെത്തി. ഉന്നതിയില്‍ കയറി കയറി ഇറങ്ങി ഇറങ്ങി വന്നു എന്ന്‍ പറയാം. പക്ഷെ അതിനിടയില്‍ നമ്മുടെ ബോംബെ അബ്ദുള്ളയുടെ പെങ്ങളായ ബീഫാത്തിമയുടെ മകന്‍ മോയിതുവും ഗള്‍ഫിലേക്ക് പോയി. ഗള്‍ഫിലേക്ക് പോയി എന്ന്‍ മാത്രമല്ല ഉയര്‍ച്ചയുടെ പടവുകള്‍ നന്നായി താണ്ടി. അങ്ങനെ ബോംബെ അബ്ദുള്ളയുടെയും മുമ്പിലെത്തീന്ന്‍ പറയാം. അങ്ങനെ അങ്ങനെ ബോംബെ അബ്ദുള്ളയുടെ മകള്‍ ആമിനയുടെയും  മോയിതുവിന്‍റെയും കല്യാണവും കഴിഞ്ഞു. മനസ്സിലായില്ലേ ഞാന്‍ വരാറായെന്ന് അതന്നെ...

    ഞാന്‍ ജനിച്ച കഥ ആദ്യം തന്നെ പറഞ്ഞുവല്ലൊ. വീണ്ടും പറഞ്ഞ് ആവര്‍ത്തന വിരസത ഉണ്ടാക്കുന്നില്ല. അങ്ങനെ ഞാന്‍ വളര്‍ന്ന് രണ്ട് മൂന്ന്‍ വയസ്സായായപ്പോള്‍ എന്നെ അബൂദാബിയിലേക്ക് കൊണ്ട് പോയി. ഉമ്മയും ഞാനുമാണ് പോയത്. പോയതൊക്കെ ശരി തന്നെ പക്ഷെ അവിടുത്തെ കാര്യങ്ങളൊന്നും എനിക്ക് വലിയ ഓര്‍മയില്ല. മുശ്രിഫിലാണ് ഞങ്ങള്‍ താമസിച്ചതെന്നും അവിടെ നിന്ന് സൈക്കിളോട്ടാന്‍ പഠിച്ചതും എന്‍റെ അനുജത്തി ജനിച്ചതും അങ്ങനെ കുറച്ച് കുറച്ച് കാര്യങ്ങള്‍. എന്‍റെ അനുജത്തിക്ക് നാട്ടില്‍ നിന്ന് അവരെല്ലാം കൂടി ഫാത്തിമ എന്ന്‍ പേരിട്ടു മുശ്രിഫില്‍ ജനിച്ചത് കൊണ്ട് ഫാത്തിമ എന്നതിനെ ഫാത്തിമത്ത് മുഷ്രിഫ എന്നാക്കി മാറ്റി. പിന്നെ ഒരു കാര്യമുണ്ട് എന്താന്നറിയോ ഗള്‍ഫിലായിരിക്കുമ്പോ ബാപ്പ ജോലി സ്ഥലത്തേക്ക് സൈക്കിളിലാണ് പോവുക, എന്നെ കൂടെ ഇരുത്തിയാണ് പോക്ക്. ഒരു ദിവസം സൈകിളിന്‍റെ ടയറുകള്‍ക്കിടയിലുള്ള കംബികള്‍ക്കിടയില്‍ എന്‍റെ കാല് പോയി ഞാന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ബാപ്പാക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല, ബാപ്പയും ടെന്‍ഷനായി. പെട്ടെന്ന്‍ മാലാഖയെ പോലൊരു പാകിസ്ഥാനി വന്ന് എന്‍റെ കാല്‍ അതില്‍ നിന്ന് വലിച്ചെടുത്തു. അത് കൊണ്ട് പാകിസ്ത്താനികളോട് എനിക്ക് നന്ദിയുണ്ട് കേട്ടോ. ആ പാക്കിസ്ത്താനി ചെയിത തന്ന ഉപകാരം മൂലം എനിക്ക് പാക്കിസ്ത്താനികളോട് എനിക്ക് നന്ദിയുണ്ട്. അജ്മല്‍ ഖസബിനെ പോലെയുള്ള തീവ്രവാദികള്‍ ചെയിത കട്ട മണ്ടത്തരം മൂലം അവരോട് ദേഷ്യവുമുണ്ട്.ഹാ... നമ്മളല്ലാം മനുഷ്യരല്ലേ. അങ്ങനെ എന്നെ സ്കൂളില്‍ ചേര്‍ക്കാനായി കേരളത്തിലേക്ക് തിരികെ വന്നു. ഇനി മുബീന്‍റെ കളി കേരളത്തില്‍...
      അന്ദ്യായന വര്‍ഷം തുടങ്ങി പകുതിയായപ്പോഴാണ് ഞാന്‍ കേരളത്തിലെത്തിയത്. അതുകൊണ്ട് ഒന്നാം ക്ലാസിലെ പകുതി പഠനം മുടങ്ങി പോയി. ബെളിഞ്ചയിലെ എല്‍.പി സ്കൂളിലാണ് എന്നെ ചേര്‍ത്തത്. നടന്നു പോവാനുള്ള ദൂരമേ അന്നുണ്ടായിരുന്നുള്ളൂ  ഇന്ന് നടന്ന് പോയാല്‍ ക്ഷീണിച്ചവഷനാകും. ദൂരം കൂടിയിട്ടൊന്നുമല്ല. മനുഷ്യര്‍ക്ക് മടി വര്‍ദ്ധിച്ചു പിന്നെ തണലൊന്നുമില്ലല്ലോ. എത്രാന്ന് വെച്ചാ നടക്കല്‍. അതെന്തുമാകട്ടെ എന്നെ ബാപ്പ തോളിരുത്തിയാണ് സ്കൂളില്‍ കൊണ്ട് പോവുക. എന്നെ ആദ്യം കൊണ്ടിരുത്തിയത് ഒന്ന്‍ എ യിലാണ് പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ എന്നെ ഒന്ന്‍ ബി യിലേക്ക് മാറ്റി. അതൊരു തുടക്കമായിരുന്നു ഒരു കാര്‍ഗില്‍ യുദ്ധത്തിന്‍റെ തുടക്കം. തമ്മിലടിച്ചും വഴക്ക് വിളിച്ചും ഒക്കെയായി അടിച്ചു പൊളിച്ച് അഞ്ചു വര്‍ഷം തുടര്‍ന്നു. ഞാന്‍ ഒന്ന്‍ ബിയില്‍ നിന്ന് രണ്ട് ബി മൂന്ന് ബി നാല് ബി അഞ്ച് ബി അങ്ങനയെത്തി.

അതിനിടയില്‍ ഞാന്‍ മദ്രസയിലും ചേര്‍ന്നു തുപ്പക്കല്‍ മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസയില്‍. നമ്മുടെ കാന്തപുരം ഉസ്താദില്ലെ ഉസ്താദാണ് മദ്രസ ഉദ്ഘാടനം ചെയിതത്. അങ്ങനെ പഠനം തകൃതിയായി നടന്നു കൊണ്ടേയിരുന്നു. 6-ആം ക്ലാസും 7-ആം ക്ലാസും ഞാന്‍ പഠിച്ചത് ജി.ബി.യു.പി.എസ് പെരടാലയിലാണ്. അതിപ്പോ ജി.എച്ച്.എസ്.എസ്. ആയി മാറി സന്തോഷം. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍, ബദിയടുക്കയിലാണ് സ്കൂള്‍. നടന്ന് വരാനൊന്നും പറ്റില്ല. ബസ്സില്‍ തന്നെ വരണം എന്നാലെ എത്തുകയുള്ളൂ. ഞാന്‍ സാജന്‍ ബസ്സിലായിരുന്നു വന്നിരുന്നത് സ്കൂള്‍ കുട്ടികളെ കൊണ്ട് പോകുന്ന പ്രൈവറ്റ് ബസ്സായിരുന്നു അത്. എന്‍റെ കൂടുകാരുടെ സ്ഥിതിയ്യായിരുന്നു കഷ്ടം. ബദിയടുക്കയില്‍ നിന്ന് ബെളിഞ്ചയിലേക്ക് കുറച്ച് ബസേ ഉണ്ടായിരുന്നുള്ളൂ. ഉള്ള ബസ്സാണെങ്കില്‍ അവരെ കയറ്റാതെയും പോകും. ഡോറില്‍ തൂങ്ങി പിടിച്ചു പോകുന്നത് കാണുമ്പോള്‍ വല്ലാത്ത എന്തോ തോന്നാറുണ്ട്. ഇന്നതൊക്കെ കുറച്ചൊക്കെ മാറി, എങ്കിലും ബസ്സൊക്കെ ഇന്നും കുറവ് തന്നെയാണ്. ജി.ബി.യു.പി.എസിലായപ്പോള്‍ ഞാന്‍ ക്യിസിലൊക്കെ മത്സരിക്കാന്‍ തുടങ്ങി. ആ രണ്ട് വര്ഷം കഴിഞ്ഞ് 8,9,10 ക്ലാസുകള്‍ പെരടാല നവജീവനയിലാണ് പഠിച്ചത്. ഞങ്ങളുടെ ബാച്ച് നവജീവനയിലെത്തിയപ്പോള്‍ തന്നെ ഹൈസ്കൂള്‍ പദവിയില്‍ നിന്ന് ഹയര്‍ സെക്കണ്ടറി പദവിയിലേക്കുയര്‍ത്തി. ഹെഡ്മാഷൊക്കെ പറഞ്ഞത് ഞങ്ങള്‍ ഭാഗ്യ ബാച്ചാണെന്നാണ്, എന്ത് ചെയ്യാന്‍ ആ ഭാഗ്യ ബാച്ച് അവസാനം ഇറങ്ങി വന്നത് സ്കൂളിന്‍റെ ചുറ്റു മതിലും പൊളിച്ച് സ്കൂളില്‍ പോലീസിനെയും കയറ്റി അടിച്ചു പോളിച്ചാണ്,

 നവജീവനയില്‍ പടിക്കുമ്പോഴാണ് എന്‍റെ മനസ്സില്‍ നിഷാനിയുടെ വിത്ത് മുളച്ചത്. പ്രണയമല്ലാട്ടോ, ഞാന്‍ ലേഖനമെഴുതാന്‍ തുടങ്ങീന്നാ പറഞ്ഞത്. പക്ഷെ എന്തോ കവിത കാണുന്നത് തന്നെ എനിക്ക് കലിയായിരുന്നു. കഥകള്‍ നന്നായി വായിക്കും, ഉറൂബിന്‍റെ ഉമ്മാച്ചുവും ബഷീറിന്‍റെ ബാല്യകാലസഖിയുമൊക്കെ എത്ര പ്രാവശ്യം വായിച്ചുവെന്ന് ചോദിച്ചാ കണക്ക് കിട്ടില്ല, അത്രയും അധികം വായിച്ചിട്ടുണ്ട്. പക്ഷെ ഈ രാഷ്ട്രീയം, ചരിത്രം അതൊന്നും എന്‍റെ തലയില്‍ കയറിയിരുന്നില്ല. അതൊക്കെ തലയില്‍ കയറിയത് പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷമാണ്. പിന്നെ ഒരു കാര്യം പത്താം ക്ലാസിലെ കളിയും ചിരിയുമൊക്കെ എല്ലാവര്‍ക്കും അറിയുന്നതല്ലേ അതല്ലാം എനിക്കുമുണ്ടായിരുന്നൂന്ന് മനസ്സിലാക്കിക്കോളൂ.

 ഞാഗനിപ്പോള്‍ പഠിക്കുന്നത് സഅദിയ്യ ദഅവ കോളേജിലാണ്, ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാറ്ത്ഥിയാണ്. മതപഠനവും കൂടെ ചെയ്യുന്നുണ്ട്, ഇതൊരു ആത്മീയ കാലമാണ്... ഒരുള്‍വിളിയുടെ കാലം.

എന്‍റെ രാഷ്ട്രീയ ചിന്തകള്‍:എന്‍റെ രാഷ്ട്രീയം ഒരു രസം തന്നെയാണ്. എനിക്ക് പ്രതേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തുറന്ന വിധേയത്തമില്ല. നല്ലത് കണ്ടാല്‍ ഏത് പാര്‍ട്ടിയാണെങ്കിലും അനുകൂലികും തെറ്റായത് കണ്ടാല്‍ എതിര്‍ക്കുകയും ചെയ്യും. പക്ഷെ മാര്‍കിസ്റ്റ് പാര്‍ട്ടിയോട് ഒരു ചെറിയ സ്നേഹമുണ്ടായിരുന്നു. അത് പാര്‍ട്ടിയോടുള്ള സ്നേഹമല്ല മറിച്ച് ആ പ്രത്യയ ശാസ്ത്രത്തോടുള്ള സ്നേഹമായിരുന്നു.. പക്ഷെ എനിക്ക് മനസ്സിലാകാത്തതും ഞാന്‍ അംഗീഗരിക്കാത്തതും മറ്റൊന്നായിരുന്നു. മതേതര രാജ്യമെന്ന് പേര് കേട്ട ഇന്ത്യയില്‍ മതങ്ങളുടെ പേരിലും പാര്‍ട്ടിയുണ്ടായത്. അതൊരുതരം എന്താ പറയാ കോപ്പിലെ പരിപാടിയായി പോയി. കാരണം BJP ഭരണത്തില്‍ വന്നാല്‍ ഹിന്ദുവല്ലാത്ത മറ്റു മതവിശ്വാസികള്‍ പ്രത്വേകിച്ചും മുസ്ലീംകള്‍ ഭയക്കും മുസ്ലീം ലീഗ് ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളും ഭയക്കും അവര്‍ക്കിത് അംഗീകരിക്കാന്‍ സാധിക്കുമോ? സാധിക്കും എന്ന്‍ പറയേണ്ട അംഗീഗരിക്കാന്‍ പറ്റില്ലാന്ന് നാം കണ്ടറിഞ്ഞതാണ്. അപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതത്തിനിടപെടാന്‍ അനുവാദം നല്‍കിയ ഭരണഘടനയല്ലേ തെറ്റ് പ്രവര്‍ത്തിച്ചത്. അത് പോലെ തന്നെയാണ് തിരിച്ചും മതത്തില്‍ രാഷ്ട്രീയവും ഇടപെടാന്‍ പാടില്ല. കൊണ്ഗ്രസ്സും സോഷ്യലിസ്റ്റ് പാര്‍ട്ടികളും മാത്രമുണ്ടായിരുന്ന കാലം ഇന്ത്യയില്‍ വര്‍ഗീയ കലഹമുണ്ടായതായി ഓര്‍മ്മയുണ്ടോ?ഇല്ല, മുസ്ലീം ലീഗും RSS ഉം പിറന്നിരുന്നില്ലെങ്കില്‍ പാകിസ്ഥാനും ബംഗ്ലാദേശും പിറക്കില്ലായിരുന്നു. അങ്ങനെ ഒരുപാട് കഥകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് മതരാഷ്ട്രീയ പാര്‍ടികളെ മാറ്റി നിര്‍ത്തിയാല്‍ തന്നെ പകുതി വര്‍ഗീയ പ്രശ്നങ്ങളും കുറയും എന്നതാണ് സത്യം. സോറി നിങ്ങള്‍ കരുതേണ്ട. എനിക്ക് വഴിതെറ്റി എന്ന്, ഞാന്‍ എന്‍റെ നിലപാടുകളുടെ കഥ പറയുകയാണ്. ഇങ്ങനെയുള്ള എന്‍റെ നിലപാടുകളൊക്കെ ഞാന്‍ ആരോടു പറയാന്‍. അങ്ങനെയാണ് നിഷാനി പിറക്കുന്നത്. ലേഖനങ്ങളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും ഞാന്‍ എന്‍റെ നിലപാടുകള്‍ പറയാനാണ് ശ്രമിച്ചത്.

    എന്‍റെ നിലപാടുകളുടെ കഥ ഞാന്‍ വളരുംതോറും വളര്‍ന്നു കൊണ്ടേയിരുന്നു. ഇപ്പോഴും വളര്‍ന്നു കൊണ്ടേയിരിക്കുന്നു. കൂടുകാരെ ഞാനിന്ന്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നതും നിഷാനിയുടെ വളര്‍ച്ച ത്വരിത ഗതിയിലാക്കുന്നതിനും കാരണം മാവൊയിസ്റ്റുകാരോടുള്ള ഭരണകൂടത്തിന്‍റെയും രാഷ്ട്രീയ പാര്‍ടികളുടെയും ജനങ്ങളുടെയും നിലപാടുകളാണ്. കാരണം നാം കേട്ട് പരിജയിച്ച അല്ഖ്വാഇദ താലിബാന്‍ തുടങ്ങിയ ഭീകരവാധി സംഘടനകളുടെ പ്രവര്‍ത്തകരായ ഭീകരവാദികളെയും മനുഷ്യാവകാശം പറയുന്ന പാവപ്പെട്ട ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന, ഭരണകൂടവും ജനങ്ങളുമ മറന്ന ആദിവാസികളെ ഉന്നതിയിലെത്തിക്കാന്‍ ശ്രമിക്കുന്ന, കര്‍ഷകര്‍ക്ക് വണ്ടി സംസാരിക്കുന്ന മാവൊയിസ്റ്റുകാരെയും നാം ഒരേ കാണ്ണിലൂടെയണ് നാം കാണുന്നത്. അതിന് ഭരണകൂടവും മാധ്യമങ്ങളും ഒരേ പോലെ ഉത്തരവാദികളാണ്. മാവൊയിസ്റ്റുകാരുടെ നിലപാടില്‍ ചര്ച്ചയാവാതെ അടിച്ചമര്ത്താന്‍ മാത്രം ശ്രമിച്ചും വ്യാജ ഏറ്റമുട്ടല്‍ സൃഷ്ടിച്ചും ഭരണകൂടം മാവൊയിസ്റ്റുകാരെ ഭീകരവാദികളാക്കിയപ്പോള്‍ ആരെവിടെ എന്ത് തെറ്റ് ചെയിതാലും അത് മാവൊയിസ്റ്റുകാരുടെ തലയില്‍ കെട്ടി വെച്ച് മാധ്യമങ്ങളും ഇക്കാര്യത്തില്‍ മാതൃകയായി. മവോയിസ്റ്റുകളോട് കാണിക്കുന്ന ക്രൂരതകള് ഇന്ത്യന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് അനുവദനീയമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട മവോയിസ്റ്റുകാരെ മനുഷ്യരായി പോലും പരിഗണിക്കാത്തത് ഏത് പീനല്‍ കോഡിന്‍റെ വെളിച്ചത്തിലാണ്. ഇതൊക്കെ ശക്തമായ ഭരണഘടനയല്ല നമുക്കുള്ളതെന്നും ഭരണകൂടവും നീതിപീഠവും തെളിച്ച വഴിയേ നീങ്ങുന്ന നിയമ സംഹിതകളാണ് നമ്മുടെ ഭരണഘടനയെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.

   നിഷാനി വളരുന്നതും പ്രസക്തമാവുന്നതും ഇവിടെയാണ്. അതെ നിഷാനി വളരുകയാണ്, പതുക്കെ പതുക്കെ പിച്ച വെച്ച് പിച്ച വെച്ച്....


Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE