വേങ്ങര ഉപതിരഞ്ഞെടുപ്പ്: മലപ്പുറവും ചുവക്കുകയാണ്.
പിണറായി
മന്ത്രിസഭ വന്നതിന് ശേഷമുള്ള ആദ്യത്തെ ഉപതിരഞ്ഞെടുപ്പ്, കേരള രാഷ്ട്രീയത്തിലെ
കൌശലക്കാരൻ (മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിച്ച കൌശലക്കാരനായ കുറുക്കന്‍റെ കഥ ഓർക്കുക)
കുഞ്ഞാലികുട്ടിക്ക് പകരക്കാരനെ തിരഞ്ഞെടുക്കുന്ന ഉപതിരഞ്ഞെടുപ്പ്
എന്നതിലൂടെയെല്ലാം കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ്.
വില
പേശി നേടിയ സീറ്റ് കെ.എൻ.എ ഖാദർ ആടിയുലഞ്ഞാണെങ്കിലും നിലനിർത്തി. കെ.എൻ.എ ഖാദറിന്‍റെ
വിജയം യു.ഡി.എഫ് ക്യാമ്പുകൾക്ക് ആശ്വസിക്കാൻ വകയുണ്ടെങ്കിലും സന്തോഷിക്കാൻ അവസരം
നൽകുന്നില്ല. കേരള രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന
കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന് ഏത് തിരഞ്ഞെടുപ്പിലും സന്തോഷം
നൽകുന്നതാണ് മലപ്പുറത്തിന്‍റെ സ്ഥിതി. ആ മലപ്പുറമാണ് ആഘോഷത്തെ ആശ്വാസത്തിൽ
ഒതുക്കിയത്.
വേങ്ങര
ഉപതിരഞ്ഞെടുപ്പിൽ ലീഗിന്‍റെ വിജയം കേവലം 23310 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്.
മറ്റു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇതൊരു സാധാരണ വിജയം തന്നെയാണ്.
ഇരുപതിനായിരത്തിലധികമുള്ള ഭൂരിപക്ഷം അത് വ്യക്തമാക്കുന്നു. പക്ഷേ ഇതിന്‍റെ ബാക്കി
പത്രങ്ങൾ കൂടി മനസ്സിലാക്കുമ്പോഴാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതിനുണ്ടായ നേട്ടം നമുക്ക്
മനസ്സിലാവുന്നത്. വോട്ട് ശതമാനം കൂടിയ ഈ തിരഞ്ഞെടുപ്പിൽ പക്ഷേ കഴിഞ്ഞ
തിരഞ്ഞെടുപ്പിനേക്കാൾ ലീഗിന്‍റെ ഭൂരിപക്ഷം 14747 വോട്ട് കുറഞ്ഞു. അതിന് പിന്നിൽ
ലീഗിന് അകത്ത് തന്നെയുള്ള അസ്വാരസ്യങ്ങളും ലീഗിന്‍റെ സ്ഥാപകനയങ്ങൾ മറന്ന്
കൊണ്ടുള്ള സമീപനവുമാണ് പ്രധാന കാരണം അതിലുപരി കേരളത്തിൽ ആഞ്ഞ് വീശി
കൊണ്ടിരിക്കുന്ന ഇടതനുകൂല തരംഗവും ലീഗിന്‍റെ വോട്ട് കുറച്ചു എന്ന് വേണം കരുതാൻ.
2016ൽ വേങ്ങരയിൽ കുഞ്ഞാലികുട്ടി മത്സരിച്ചപ്പോൾ ഉണ്ടായിരുന്ന ഭൂരിപക്ഷം 38057
എന്നത് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 40259 ആയി ഉയർന്നു. ഈ ഉയർച്ചയിൽ നിന്നാണ് 23310
എന്ന കുത്തനെയുള്ള വീഴ്ച്ച സംഭവിച്ചത്. സമുദായ പാർട്ടിയെന്നറിയപ്പെടുന്ന ലീഗിന്‍റെ
സമുദായത്തോടുള്ള സമീപനങ്ങളാണ് ഈ വീഴ്ച്ചയിക്ക് പിന്നിലുള്ള മറ്റൊരു കാരണം. മുസ്ലീം
സമുദായത്തെ ബാധിക്കുന്ന പല സന്ദർഭങ്ങളിലും മുസ്ലീം ലീഗിന്‍റെ സമീപനങ്ങൾ
ശക്തമായിരുന്നില്ല. അതുകൂടാതെ കേരളത്തിൽ ശക്തരായ സുന്നികളുടെ പിന്തുണയേക്കാൾ ലീഗ്
ആഗ്രഹിച്ചത് വഹാബികളുടെ പിന്തുണയാണ്. അതൊരു തെറ്റായ കീഴ്വഴക്കമാണെന്ന് 2004ൽ
മഞ്ചേരി മുതൽ ഇങ്ങോട്ട് ജനം പഠിപ്പിച്ച് കൊടുക്കുന്നുണ്ട്. എന്നാൽ അതൊരിക്കലും
ലീഗ് പഠിക്കാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. ശക്തരായ കാന്തപുരം വിഭാഗത്തിന്‍റെ
വോട്ട് പൂർണ്ണമായും ഇടതിന് പോകുന്നതിൽ യാതൊരു വിധ വിഷമവും കാണിക്കാത്ത ലീഗ് ഇപ്പോൾ
സുന്നികളിലെ മറ്രൊരു വിഭാഗമായ ഇ.കെ വിഭാഗത്തിലെ ഒരു കൂട്ടരുടെ വോട്ട്
എസ്.ഡി.പി.ഐക്ക് മറിയുമ്പോഴും വിഷമം പ്രകടിപ്പിക്കുമെന്ന് തോന്നാൻ വയ്യ. ലീഗിന്‍റെ
സമീപകാലങ്ങളിലെ നയങ്ങളിൽ യാതൊരു വിധ മാറ്റവും ഉണ്ടാകാൻ സാധ്യതയുമില്ല.
അതിലെല്ലാമുപരി കേരളത്തിൽ സംഘ് പരിവാറിനെ പ്രതിരോധിക്കുന്നെതിന് ലീഗിന്
പരിമിതിയുണ്ടെന്ന് ലീഗ് എം.എൽ.എ തന്നെ പറഞ്ഞതും ലീഗിലുള്ള വിശ്വാസം കേരളീയർക്ക്
നഷ്ടപ്പെടാൻ കാരണമായി. ഇതൊക്കെ ചിന്തിച്ച് തല പുണ്ണാക്കാനൊന്നും ലീഗ് നേതാക്കൾ
ശ്രമിക്കില്ലെന്നും വോട്ട് ചോർച്ച ഉണ്ടായൊന്നും പറഞ്ഞ് കൂടിയിരുന്ന് ബിരിയാണിയും
തിന്ന് പിരിയാനെ ലീഗിന് കഴിയൂ എന്നതാണ് യഥാർത്ഥ്യം.
2004ൽ
ഇന്നത്തെ ലീഗ് സെക്രട്ടറിയായ മജീദിനെ മഞ്ചേരിയിൽ തോൽപ്പിച്ച് തുടങ്ങിയ
മുന്നേറ്റമാണ് മലപ്പുറത്തെ ഇടതിന്‍റേത്. അതിന്‍റെ തുടർത്തയെന്നോണം തദ്ദേശ സ്വയം
ഭരണ തിരഞ്ഞെടുപ്പുകളിൽ മികച്ച മുന്നേറ്റമായിരുന്നു ഇടത് കാഴ്ച്ചവെച്ചിരുന്നത്.
2016ലെ നിയമാസഭാ തിരഞ്ഞെടുപ്പിൽ ലീഗിന്‍റെ കോട്ടയായിരുന്ന താനൂർ ഇടത് പിടിച്ചെടുത്തു.
മങ്കടയും തിരൂരങ്ങാടിയും ആടിയുലഞ്ഞു. ഹരിത പതാക കൊണ്ട് നിറഞ്ഞ് തുളമ്പുന്ന മലപ്പുറവും
ഒടുവിൽ ചുവക്കുന്നതാണ് കാണാൻ സാധിക്കുന്നത്.അതിന്‍റെ തുടർച്ചയെന്നോണമാണ് വേങ്ങര
ഉപതിരഞ്ഞെടുപ്പിൽ ഇടതിനുണ്ടായ നേട്ടം, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 7793 വോട്ട്
വർധിച്ചു. ലീഗിന് 5% വോട്ട് കുറഞ്ഞപ്പോൾ ഇടതിന് 7% വോട്ട് കൂടി. മിക്ക പഞ്ചായത്തുകളിലും ഇടതിന് വോട്ട്
കൂടുകയും ലീഗിന് വോട്ട് കുറയുകയും ചെയിതു. ഊരകത്ത് 2648 വോട്ടിന്‍റെ കുറവുണ്ടായി. 80% വരുന്ന മുസ്ലീം വോട്ടുകൾ
ഗണ്യമായ തോതിൽ ഇടതിനു ലഭിച്ചു എന്ന് വേണം കരുതാൻ. 18% വരുന്ന മുസ്ലീമിതര വോട്ടുകളിലും ഇടതിന് നേട്ടമുണ്ടാക്കാൻ
സാധിച്ചു. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ആഞ്ഞടിക്കുന്ന ഇടത് സമീപനവും അതിന്
നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും എല്ലാവർക്കും സ്വീകാര്യമാവുന്നതിന്‍റെ അടയാളങ്ങളാണ്
വ്ങ്ങര പ്രകടിപ്പിച്ചത്.
ശുഭമുഹൂർത്തം തേടി മാറ്റി വെച്ച
ജനരക്ഷായാത്രയിക്കിടയിലുള്ള തിരഞ്ഞെടുപ്പായിരുന്നു ബി.ജെ.പിക്കിത്. പക്ഷേ അമിട്ടടി
കൊണ്ടും കോഴ കൊണ്ടും അതിലുപരി വർഗീയ ഫാഷിസ്റ്റ് നയങ്ങൾ കൊണ്ടും മുങ്ങിതാണ
ബി.ജെ.പിക്ക് കേരളത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കാത്ത വിധത്തിൽ വീണ്ടും ആഴത്തിലേക്ക്
തള്ളിയിടുകയാണ് വേങ്ങരയിലെ ജനങ്ങൾ ചെയിതത്. വെറും 18% മാത്രം മുസ്ലീമിതര
വോട്ടുകളുള്ള വേങ്ങരയിൽ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷിക്കാൻ വകയില്ലായിരുന്നു. പക്ഷെ
മൂന്നാം സ്ഥാനം പോലും സമ്മാനിക്കാതെര നാലാം സ്ഥാനത്തേക്ക് തള്ളിയിട്ടത്
ബി.ജെ.പിയുടെ ശവത്തിൽ കുത്തും പോലെയായി. അത് പോരാഞ്ഞ് മൂന്നാം സ്ഥാനം നൽകിയത്
എസ്.ഡി.പി.ഐക്കും ഈ മുറിവ് അടുത്ത കാലൊത്തൊന്നും ബി.ജെ.പിയിൽ നിന്ന് മായില്ല.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായിക്ക് ഏറ്റ ഏറ്റവും നല്ല അടിയാണ് കേരളത്തിലേത്.
കേരളം പിടിച്ചടക്കാൻ വന്ന അമിത് ഷാ പാതി വഴിക്ക് മുങ്ങി അത് കൂടാതെ
ജനയാത്രക്കിടയിൽ വന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 1327 വോട്ടിന്‍റെ കുറവുണ്ടായി.
കേരളം ബി.ജെ.പിക്കെന്നും ബാലി കേറാ മലയാണെന്ന് വീണ്ടും അടിവരയിടുന്നു.
അപ്രതീക്ഷിതമായാണ്
എസ്.ഡി.പി.ഐക്ക് വേങ്ങരയിൽ മൂന്നാം സ്ഥാനം ലഭിച്ചത്. ഹാദിയ കേസ് വാദിച്ച അഡ്വ.
കെ.സി നസീറിന്‍റെ വ്യക്തി പ്രഭാവവും അതിലുപരി അവരുടെ തീവ്ര നിലപാടുകളും
ലീഗിനോടുള്ള ഇ.കെ സമസ്തക്കാരുടെ അമർഷവും എസ്.ഡി.പി.ഐക്ക് 8648 വോട്ട് നേടി
കൊടുത്തു എന്ന വേണം കരുതാൻ. എസ്.ഡി.പി.ഐക്ക് ലഭിച്ചത് മുഴുവൻ ലീഗിന്‍റെ
വോട്ടുകളാണ്. ഇടതിനെയും ബി.ജെ.പിയെയും അനുകൂലിക്കാത്ത ലീഗുകാർ വിമതനെ പോലും
സഹായിക്കാതെ എസ്.ഡി.പി.ഐയുടെ കൂടെ നിന്നെങ്കിൽ ലീഗ് ഏറെ ഭയക്കേണ്ടതുണ്ട്.
മലപ്പുറത്ത് നിന്ന് ലീഗ് പുറംതള്ളപ്പെടാൻ അധികകാലം വേണ്ടി വന്നേക്കില്ലെന്നാണ്
വാങ്ങര ഉപതിരഞ്ഞെടുപ്പ് നൽകുന്ന പാഠം.

Comments
Post a Comment