മഴമൊഴി - സിന്ധു ഗിരിധരൻ

 



എന്റെ വായന

*മഴമൊഴി - സിന്ധു ഗിരിധരൻ*

ആർത്തു പെയ്യുന്ന മഴയത്ത് ശല്യം എന്ന് ശപിച്ച് കുടചൂടി നിരന്തരം പോവുകയും അതല്ലെങ്കിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുകയും ചെയ്യുന്നവനാണ് ഞാൻ. ഇടയ്ക്കെപ്പോഴോ തിമിർത്തുപെയ്യുന്ന മഴത്തുള്ളികളിലേക്ക് കണ്ണുകൾ എറിഞ്ഞപ്പോൾ അതിൽ നിന്ന് എന്തൊക്കെയോ മനസ്സുകളിലേക്ക് തെറിച്ചുവീണു. ചില ഓർമ്മകൾ, ചില നൊമ്പരങ്ങൾ, അറിയാതെ പോയ ചില അനുഭവങ്ങൾ അങ്ങനെ മനസ്സിനെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരുപറ്റം മഴത്തുള്ളികൾ..
ശരിക്കും എന്താണ് മഴ?.. ഒരുപാട് കാലമായി ടീച്ചറിൽ നിന്ന് സന്തോഷത്തോടെ ഏറ്റുവാങ്ങിയ മഴമൊഴി ദുഃഖത്തോടെ എന്നെയും കാത്തിരിക്കുന്നു. 'ഈ കാലമാടൻ വായിക്കാതെ ഇങ്ങനെ വെക്കാനാണോ പോയി വാങ്ങിക്കൊണ്ടു വന്നത്' പല തവണ പറഞ്ഞു കാണും. ഈ മഴയത്ത് സിന്ധു ടീച്ചറിന്റെ മഴമൊഴി വീണ്ടും കയ്യിലെടുത്തു മഴകളെ കുറിച്ചുള്ള ഒരു പറ്റം കുറുങ്കവിതകൾ എന്നു ചുരുക്കിപ്പറയാം. പക്ഷേ മഴയെ കുറിച്ച് മാത്രമല്ല പ്രണയത്തെക്കുറിച്ചും വിരഹത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും പ്രകൃതിയെക്കുറിച്ചും അങ്ങനെയങ്ങനെ മനുഷ്യനെയും മനുഷ്യന്റെ ചുറ്റുപാടുകളെയും മഴയിലൂടെ വരച്ചു കാണിക്കുകയാണ് ടീച്ചർ.
'മഴ പുഴയിൽ
പതിപ്പിച്ച പാടുകൾ
നിൻ
പ്രണയക്കുറിപ്പുകളായിരുന്നോ.'
ചില വരികൾ നമ്മെ പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും ചില വരികൾ വിരഹത്തിലേക്കും.
'പെയ്തൊഴിഞ്ഞ മഴയ്ക്കും
പെയ്തൊഴിഞ്ഞ ജീവിതങ്ങൾക്കും തനിയാവർത്തനങ്ങളില്ല.'
ചില വരികൾ ഒരുപാട് തവണ വായിച്ചിട്ടും വരികളിൽ നിന്ന് മനസ്സെടുക്കാൻ പറ്റാതെ ആ വരികളിൽ തന്നെ മനസ്സ് തറച്ചു പോവാറുണ്ട്.
'എന്റെ പുഴയിൽ മീനുണ്ടായിരുന്നു
കരയിൽ മരങ്ങളുണ്ടായിരുന്നു
മരങ്ങളിൽ പൂക്കളുണ്ടായിരുന്നു
പൂക്കളിൽ പൂമ്പാറ്റകളുണ്ടായിരുന്നു.'
വായിച്ചപ്പോൾ ഒന്നുമില്ല എന്ന് തോന്നിയ വരികളാണ് പക്ഷേ പേജുകൾ മറിക്കുമ്പോൾ കൂടെ മറിയാൻ മനസ്സിലെ താളുകൾ സമ്മതിച്ചില്ല. അതെ കവിയത്രി പറഞ്ഞതുപോലെ എല്ലാമുണ്ടായിരുന്നു പക്ഷേ അത് എന്റെ പുഴയിലും കരയിലും മരത്തിലും പൂക്കളിലും മാത്രമാണ്. എനിക്കായി നിങ്ങൾ നൽകിയതിൽ ഇതൊന്നുമുണ്ടായിരുന്നില്ല ശൂന്യമായിരുന്നു, വെറും ശൂന്യം.
നമ്മൾ കണ്ട സ്വപ്നങ്ങളല്ല നാം ജീവിച്ചു തീർക്കുന്നത് ആരൊക്കെയോ കണ്ട സ്വപ്നങ്ങൾ നമ്മുടെ മേൽ അടിച്ചേൽപ്പിക്കുകയും പിന്നീട് അതാണ് നാം ജീവിച്ച് തീർക്കുന്നത്. ഞാൻ കണ്ട എന്റെ പുഴയിലും കരയിലും മരങ്ങളിലും പൂക്കളിലും നിറഞ്ഞുനിൽക്കുന്ന ഞാനുണ്ടായിരുന്നു പക്ഷേ എനിക്ക് നിങ്ങൾ നൽകിയതിൽ എന്റേതായി ഒന്നുമുണ്ടായിരുന്നില്ല.
എന്തൊക്കെയാണ് ഈ വരികളിൽ മുഴങ്ങിയത് ഓരോരുത്തർക്കും അവരുടെ നഷ്ടപ്പെട്ടുപോയ സ്വപ്നങ്ങളായിരിക്കാം ഈ വരികളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ കൂടെ വരുന്നത്. (പാരന്റിങ്ങിനെ കുറിച്ചൊക്കെ പറയുന്ന വരികളെ പോലെയാണ് എന്റെ മനസ്സിൽ വന്നത് )
മഴമൊഴികളിൽ പിന്നെയും പിന്നെയും വരുന്നുണ്ട് മനസ്സിനെ ഇളക്കിമറിക്കുന്ന വരികൾ, ഓർമ്മകളിൽ ഊളിയിടാനുള്ള വരികൾ... മഴ കൊണ്ട് മനസ്സിലേക്കിറങ്ങി ചെല്ലുകയാണ് മഴമൊഴികളിലൂടെ ടീച്ചർ ചെയ്യുന്നത്.

©️മുബീൻ ആനപ്പാറ

Comments

Popular Posts

നാട്ടു ചരിതം

MY ATTITUDE